പുത്തൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തിനു നാടൊഴുകിയെത്തി. ഏറെനാൾ കാത്തിരുന്ന ഉദ്ഘാടനത്തിനു സാക്ഷ്യംവഹിക്കാൻ ഉച്ചമുതൽതന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള വൻപുരുഷാരം എത്തിയതു സംഘാടകരെപ്പോലും ഞെട്ടിച്ചു.
വൻജനപങ്കാളിത്തം കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പം പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പും നൽകി. സാധാരണയെക്കാൾ കവിഞ്ഞ ആൾക്കൂട്ടം ഉള്ളതിനാൽ പരിപാടികഴിഞ്ഞു തിരിച്ചുപോകുമ്പോൾ എല്ലാവരും തികഞ്ഞ അച്ചടക്കം പാലിക്കണമെന്നും ഒരാളും ധൃതിയും തിരക്കും കൂട്ടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരക്കു നിയന്ത്രിക്കുന്നതിനായി രണ്ടുവരിയായാണ് ഉദ്ഘാടനവേദിയിലേക്കു കയറ്റിവിട്ടത്. കൂറ്റൻപന്തലിൽ വിവിധ സെക്ടറുകളിലായി ആളുകളെ ക്രമീകരിച്ച് ഇരുത്തി. പന്തലും നിറഞ്ഞൊഴുകിയതോടെ സമീപത്തെ സുവോളജിക്കൽ പാർക്കിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിലേക്കും ആളുകളെ പ്രവേശിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങ് കാണുന്നതിനായി ഓഡിറ്റോറിയത്തിൽ ബിഗ് സ്ക്രീൻ ഒരുക്കിയിരുന്നു.
വർണശബളമായി ഘോഷയാത്ര
പുത്തൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്ര വർണാഭമായി.
പുത്തൂർ സെന്ററിൽനിന്നും പുത്തൂർ പയ്യപ്പിള്ളിമൂലയിൽനിന്നുമാണ് ഘോഷയാത്രകൾ ആരംഭിച്ചത്. വിദ്യാർഥികൾ, എൻസിസി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡസ്, കുടുംബശ്രീ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു. പുലിക്കളി, കുടുംബശ്രീ അംഗങ്ങളുടെ ഫ്ലാഷ് മോബ്, പൂക്കാവടികൾ, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയ്ക്കു മിഴിവേകി.